ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭിന്നശേഷിക്കാരെ പരിരക്ഷിക്കുന്നതിനായി ജില്ലാടിസ്ഥാനത്തിൽ ഷെൽറ്റർ ഹോമുകളുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ജില്ലാ പര്യടനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവരുടെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. വയോജനങ്ങൾക്കായി നയം രൂപവത്കരിക്കും. ആലപ്പുഴ ജില്ലയുടെ പ്രശ്നങ്ങൾ തരം തിരിച്ച് ഒരാഴ്ചയ്ക്കകം പ്രത്യേക രേഖയുണ്ടാക്കും. യുഡിഎഫിന്റെ ഭരണത്തിൽ ഈ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ സമയബന്ധിതമായി പരിഹരിക്കും.
കയർ മേഖലയെയും കാർഷികമേഖലയെയും ക്ഷീരമേഖലയെയും സംരക്ഷിക്കുന്നതിന് പ്രത്യേക നയം രൂപവത്കരിക്കും. നെൽക്കൃഷിക്കായി റിവോൾവിംഗ് ഫണ്ട് ഏർപ്പെടുത്തി കാർഷിക മേഖലയിലെ ഇടപെടലുകൾ കൃത്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. യുഡിഎഫ് അധികാരത്തിൽവന്നാൽ ആദ്യംതന്നെ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കും. ആലപ്പുഴയുടെ പാരിസ്ഥിതമായ തകർച്ച രൂക്ഷമാക്കി കാർഷിക മേഖലയിൽ ഉപ്പുവെള്ള ഭീഷണിക്ക് കരിമണൽ ഖനനം ഇടയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തിയ 40 പേരാണ് സംവാദത്തിൽ പങ്കെടുത്തത്. ആലപ്പുഴയിലെ വിവിധ മേഖലകളിലായി അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇവർ അവതരിപ്പിച്ചു. ഇതിനെല്ലാം വി.ഡി. സതീശൻ കൃത്യമായി മറുപടി നൽകി. കുട്ടനാട് പാക്കേജ് ഉൾപ്പെടെയുള്ള കാർഷിക പദ്ധതികൾ പെരുവഴിയിലാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ യുഡിഎഫ് ഗൗരവകരമായി ഇടപെടും. പൊതു ആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും. മെഡിക്കൽ കോളജിലും ജനറൽ ആശുപത്രികളിലുമായി ജെറിയാട്രിക് വിഭാഗം സ്ഥാപിക്കും.
ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും. കുടുംബശ്രീ അംഗങ്ങൾക്കായി സാമ്പത്തികമായി സ്വയം പര്യാപ്തത നേടുന്ന തരത്തിലുള്ള പദ്ധതികളുണ്ടാകും. ജില്ലയിൽ ഹൗസ് ബോട്ടുകൾ നിയന്ത്രിക്കുന്നത് പരിഗണിക്കും. സ്വകാര്യ ബസ് മേഖലയ്ക്കു വ്യവസായമെന്ന നിലയിൽ പ്രത്യേക പരിഗണന നൽകും.
ലോട്ടറി സമ്മാന ഘടന, ലോട്ടറി വിതരണം, കമ്മീഷൻ എന്നിവ പരിഷ്കരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, ഷാനിമോൾ ഉസ്മാൻ, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.